നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സർവേ ആരംഭിക്കും
July 22, 2024മഞ്ചേരി: ജില്ലയിൽ നിപ ബാധിച്ച് 14കാരൻ മരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആനക്കയം ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി ഞായറാഴ്ച രാവിലെ 10ന് പഞ്ചായത്ത് തല കോർ കമ്മിറ്റി യോഗം ചേർന്നു. ആനക്കയം പഞ്ചായത്തിലെ സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്.
വിദ്യാർഥിയുടെ ക്ലാസിലുള്ള 52 കുട്ടികൾ, അവരുടെ കുടുംബാംഗങ്ങൾ, അധ്യാപകർ, കുട്ടി സഞ്ചരിച്ച ബസിലെ ഡ്രൈവർ, സുഹൃത്തുക്കൾ എന്നിവരടക്കം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 123 പേരെയും അവരുമായി സെക്കൻഡറി കോൺടാക്റ്റ് ഉള്ളവരെയും നിരീക്ഷണത്തിൽ ഇരുത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ വീടുവീടാന്തരം സർവേ ആരംഭിക്കും. 23 വാർഡുകളിലായി 16,248 വീടുകളാണ് ഉള്ളത്. ആറ് ദിവസത്തിനകം സർവേ പൂർത്തീകരിക്കാനാണ് നിർദേശം.
പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരെ ഉപയോഗിച്ചാണ് സർവേ നടത്തുക. നിപ ലക്ഷണമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ചോദ്യാവലിയും സർവേയിലുണ്ട്. സ്കൂളിന്റെ പരിസരം കേന്ദ്രീകരിച്ച് പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ കൂടുതലുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള മോണിറ്ററിങ് ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
നിരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിന് മാനസികമായും മറ്റും പിന്തുണ നൽകുന്നതിനും ആവശ്യമാണെങ്കിൽ ഭക്ഷണം തുടങ്ങിയവ എത്തിക്കാനും യോഗം തീരുമാനിച്ചു. പനി, ചുമ, ഛർദി, ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളോടു കൂടിയ വ്യക്തികളെ കലക്ടറേറ്റിലെ കോൾ സെന്ററിൽ വിളിച്ച ശേഷം അധികൃതരുടെ നിർദേശം അനുസരിച്ച് മാത്രം ആശുപത്രിയിലേക്ക് മാറ്റണമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും കോഓഡിനേഷൻ ടീം രൂപവത്കരിക്കാനും തീരുമാനിച്ചു.