പനിച്ചൂടിലേക്ക് വീണ്ടും കേരളം
June 30, 2024തിരുവനന്തപുരം: മഴ ശക്തമായതോടെ പനിയും പകർച്ചവ്യാധികളും വീണ്ടും സംസ്ഥാനത്ത് പിടിമുറുക്കുന്നു. പകർച്ചപ്പനിക്ക് പിന്നാലെ ഡെങ്കിയും എലിപ്പനിയും എച്ച്1എൻ1ഉം പടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഞ്ഞപ്പിത്തവും ആശങ്ക പരത്തുന്നു.
ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പകർച്ചപ്പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്ച മാത്രം ചികിത്സ തേടിയത് 11,088 പേരാണ്. ഈ മാസം ഇതുവരെ 2,29,772 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. അതിൽ മൂന്നു മരണവും സംഭവിച്ചു.
ഡെങ്കപ്പനിയും സമാനലക്ഷണത്തോടെയും 443 പേരും എലിപ്പനിയും സമാനലക്ഷണത്തോടെയും 27 പേരും ചികിത്സതേടി. കുറെ മാസങ്ങളായി പടരുന്ന മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 197 പേരാണ് വെള്ളിയാഴ്ച മാത്രം ചികിത്സ തേടിയത്. ഈ മാസത്തെ കണക്കിൽ 2357 പേർ മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായും 542 പേർ മഞ്ഞപ്പിത്തം ബാധിച്ചും ചികിത്സതേടി. എട്ടു മരണവും റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച മാത്രം 43 പേരാണ് എച്ച് 1എൻ1 ബാധിച്ച് ചികിത്സതേടിയത്. ഈ മാസം 491 പേർ ചികിത്സ തേടിയതിൽ അഞ്ചു മരണവും സംഭവിച്ചു. . ഈ മാസം ഇതുവരെ 92,970 പേരാണ് ചികിത്സതേടിയത്.-