പക്ഷിപ്പനി ബാധിച്ച് മെക്സികോയിൽ ഒരാൾ മരിച്ചു; വൈറസ് മനുഷ്യരിലെത്തുന്നത് അപൂർവമെന്ന് ലോകാരോഗ്യസംഘടന

പക്ഷിപ്പനി ബാധിച്ച് മെക്സികോയിൽ ഒരാൾ മരിച്ചു; വൈറസ് മനുഷ്യരിലെത്തുന്നത് അപൂർവമെന്ന് ലോകാരോഗ്യസംഘടന

June 6, 2024 0 By KeralaHealthNews

വാഷിങ്ടൺ: മെക്സികോയിൽ പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ H5 N2 വൈറസ് ഇതിന് മുമ്പ് ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, വൈറസ് മൂലം മനുഷ്യർക്ക് അപകടമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാരോഗ്യസംഘടന അറിയിക്കുന്നത്.

പനി, ശ്വാസംമുട്ടൽ, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷങ്ങൾ ബാധിച്ച 59കാരനാണ് മെക്സികോ സിറ്റിയിൽ മരിച്ചത്. ഏപ്രിലിലാണ് ഇയാൾക്ക് ലക്ഷണങ്ങൾ തുടങ്ങിയത്. മൂന്നാഴ്ചയായി മറ്റ് അസുഖങ്ങൾ മൂലം ഇയാൾ വിശ്രമത്തിലായിരുന്നു. ഇതിനിടെ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.

രോഗിക്ക് കിഡ്നി തകരാർ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടായിരുന്നതായി മെക്സികോ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏപ്രിൽ 24നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ രോഗി മരിക്കുകയും ചെയ്തു.

പിന്നീട് രോഗിയുടെ സാമ്പിളുകൾ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോൾ H5N2 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. മെക്സികോയിലെ ചില ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവിടെ നിന്നാണോ രോഗം പകർന്നതെന്ന് ഉറപ്പിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിലുണ്ട്.