ജലജന്യരോഗങ്ങൾ പിടിമുറുക്കുന്നു
May 20, 2024തിരുവനന്തപുരം: നിയന്ത്രണവിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ പിടിമുറുക്കുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. മഞ്ഞപ്പിത്തത്തിന്റെ അപകടകരമായ വ്യാപനമാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ വർഷം ഇതുവരെ 2088 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത്ത്. 15 മരണങ്ങളുമുണ്ടായി. മേയിൽ മാത്രം ഇതുവരെ 376 പേരാണ് മഞ്ഞപ്പിത്ത ബാധിതരായത്. ഈ മാസം മരിച്ചത് അഞ്ച് പേർ. ഇതിന് പുറമേ ഏറെ കാലങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കോളറ കേസും റിപ്പോർട്ട് ചെയ്തു. എട്ട് ടൈഫോയിഡ് കേസും ഈ മാസമുണ്ടായി. 2024ൽ ഇതുവരെ 55 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനെല്ലാം പുറമേ പ്രതിമാസം 37500 പേരാണ് വയറിളക്ക രോഗങ്ങൾമൂലം ചികിത്സ തേടുന്നത്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്.
1960-1970കളിൽ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി പടർന്ന ജലജന്യരോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടിയത്. എന്നാൽ പുതിയ സാഹചര്യത്തിലെ സമാന നിലയിലെ രോഗവ്യാപനം ഗുരുതര ഭീഷണയിലേക്കുള്ള സൂചനയാണെന്നാണ് വിലയിരുത്തൽ. ജലജന്യരോഗങ്ങൾ സാധാരണ നഗരങ്ങളിലാണ് പൊട്ടിപ്പുറപ്പെടുക. ഇക്കുറി വടക്കൻ കേരളത്തിൽ മഞ്ഞപ്പിത്ത ബാധയുണ്ടായത് ഏറെയും ഗ്രാമങ്ങളിലാണ്. മലപ്പുറം നിലമ്പൂരിനടുത്ത് പോത്തുകല്ലിലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ കുടിവെള്ളം സുരക്ഷിതമാണെന്നായിരുന്നു പൊതു വിലയിരുത്തൽ. നിലവിലെ വ്യാപനത്തിന് ജല മലിനീകരണമല്ലാതെ മറ്റ് കാരണങ്ങളില്ലെങ്കിൽ നഗരങ്ങളേക്കാൾ ഗ്രാമങ്ങളിലെ കുടിവെള്ളം ശുചിത്വകാര്യത്തിൽ ഭീഷണിയിലാണെന്നാണ് തെളിയിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളത്തിലൂടെ പകർച്ചയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തലെങ്കിലും രോഗം പതിവിൽനിന്ന് വ്യത്യസ്ത രീതിയിൽ ഗുരുതരമാകുന്നതിന് പിന്നിൽ വൈറസിലെ ജനിതകമാറ്റം അടക്കമുള്ള കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ കുഞ്ഞുങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരാറുള്ളത്. അടുത്തായി മുതിർന്നവരും വ്യാപകമായി മഞ്ഞപ്പിത്ത ബാധിതരാകുന്നുണ്ട്. മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാനും സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നു.