പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മേയ് ആറിന് ഉറവിട നശീകരണം നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുള്ളതിനാല്‍ റെസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉറവിട നശീകരണം നടത്തും.
ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രതവേണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. വെള്ളം സംഭരിച്ച് വെച്ചിരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, മഴവെള്ളപ്പാത്തികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്ക്കാന് ഇടനല്കരുത്. ഞായറാഴ്ച വീടുകളിലും വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സഥാപനങ്ങളിലും ഉറവിട നശീകരണം നടത്തി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
ഡെങ്കിപ്പനി ലക്ഷണങ്ങള്‍
പനിയോടൊപ്പം തലവേദന, കണ്ണിനു പിറകില്‍ വേദന, പേശിവേദന, സന്ധിവേദന, ഛര്‍ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ചുവന്നുതടിച്ച പാടും കാണാം. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടണം. രോഗം മാറിയാലും മൂന്നുനാല് ദിവസം സമ്പൂര്‍ണ വിശ്രമം വേണം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അപകടമാണ്.
കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍ (വാര്‍ഡ് അടിസ്ഥാനത്തിൽ)
– മലയാലപ്പുഴ – 3, 5, 6 വാര്‍ഡുകള്‍
– കോന്നി – 7, 12
– പത്തനംതിട്ട മുനിസിപ്പാലിറ്റി -10 , 22
– പള്ളിക്കല്‍ – 12,15
– ചന്ദനപ്പള്ളി -10, 13
– കുന്നന്താനം -11, 12
– മല്ലപ്പള്ളി -9, 10.

