ഇന്ന് ലോക ദന്തവൈദ്യ ദിനം
March 6, 2024ചിരി ആയുസ്സ് കൂട്ടുമെന്നാണ് പറയാറ്. എന്നാൽ, ഇന്ന് പലർക്കും വാ തുറന്ന് ചിരിക്കാൻ മടിയാണ്. മോശം ദന്താരോഗ്യമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പലപ്പോയും മറ്റ് ശരീര ഭാഗങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം നാം പല്ലിന് കൊടുക്കാറില്ല. രാത്രിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ പോലെ അസഹനീയമായ പല്ല് വേദന തേടിയെത്തിയാൽ മാത്രമാണ് നാം ദന്താരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.
ഇന്ന് മാർച്ച് ആറ്, മറ്റൊരു ലോക ദന്തവൈദ്യ ദിനംകൂടി. അമേരിക്കൻ രാഷ്ട്രപിതാവായ ജോർജ് വാഷിങ്ടണിന്റെ ഫാമിലി ഡോക്ടറായിരുന്ന ജോൺ ഗ്രീൻവുഡ് ആദ്യത്തെ ഡെന്റൽ ഫൂട്ട് എൻജിൻ കണ്ടുപിടിച്ചത് 1970 മാർച്ച് ആറിനായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ദിവസം ലോക ദന്ത വൈദ്യ ദിനമായി ആചരിക്കുന്നത്. ദന്താരോഗ്യ ബോധവത്കരണത്തിനും ദന്ത ഡോക്ടർമാർ നടത്തുന്ന നിതാന്ത സേവനത്തിന് നന്ദിയറിയിക്കുന്നതിനുമായാണ് ഈ ദിനാചരണം.
മികച്ച ദന്താരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
– ഒരു കുഞ്ഞിന് പല്ല് വന്ന് തുടങ്ങുന്ന പ്രായം മുതൽ ഡോക്ടറുടെ ഉപദേശം തേടുന്നത് കേടുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാൻ സഹായിക്കും
– രണ്ട് നേരം പല്ല് തേക്കുന്നത് ഒരു ശീലമാക്കി മാറ്റുക. പലരും രാത്രിയിലെ പല്ല് തേപ്പിനെ സൗകര്യപൂർവം മറന്ന് കളയാറുണ്ട്
– പല്ല് തേക്കുന്നതോടൊപ്പം തന്നെ മൗത്ത് വാഷിന്റെ ഉപയോഗം, ഡെന്റൽ ഫ്ലോസിങ് തുടങ്ങിയ ശീലങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുക
– പുകവലി, പാൻമസാല തുടങ്ങിയ ദുശ്ശീലങ്ങളോട് നോ പറയുക
– വായിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സസൂക്ഷ്മം വീക്ഷിക്കുക, ചെറിയ തടിപ്പുകൾ, ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയവ ഒരു പക്ഷെ അർബുദത്തിന്റെ തുടക്കമാകാം
– ആറുമാസത്തിലൊരിക്കലെങ്കിലും ഡെന്റൽ ചെക്കപ്പ് നിർബന്ധമാക്കുക