തലശ്ശേരിയിൽ സിക വൈറസ്
November 4, 2023തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപരടക്കമുള്ളവർക്ക് അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് കാരണമെന്ന് സ്ഥിരീകരണം. രോഗം ബാധിച്ചവരിൽനിന്ന് ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധനാഫലത്തിലാണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
ഈഡിസ് കൊതുകിൽനിന്നാണ് രോഗം സാധാരണയായി മനുഷ്യരിലെത്തുന്നത്. കേരളത്തിൽനിന്ന് പുറത്തുപോയി തിരിച്ചെത്തിയ ആരിൽനിന്നോ രോഗം പടർന്നതാണെന്നാണ് നിഗമനം. കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുകുനശീകരണം നടത്തിയിരുന്നു. കൂടാതെ കോടതിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ചൊറിച്ചില്‍, കൈകാല്‍ സന്ധിവേദന, കണ്ണിന് കഠിനമായ നീറ്റൽ, പനി തുടങ്ങിയ വ്യത്യസ്ത ലക്ഷണങ്ങളാണ് രോഗബാധിതരിൽ പ്രകടമായത്.
നൂറിലേറെ പേർ ഇതിനകം ചികിത്സതേടിയിട്ടുണ്ട്. അഡീഷനല്‍ ജില്ല കോടതി (മൂന്ന്), അഡീഷനല്‍ ജില്ല കോടതി (രണ്ട്), സബ് കോടതി, പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപെട്ടത്. രോഗം വന്ന രണ്ട് ന്യായാധിപരിൽ ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്. രോഗവ്യാപനത്താൽ മൂന്ന് കോടതികളിലെയും ദൈനംദിന പ്രവൃത്തികൾ കഴിഞ്ഞദിവസങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇതിൽ രണ്ടാം അഡീഷനൽ കോടതിയിൽ മാത്രമാണ് ശനിയാഴ്ച കേസുകൾ പരിഗണിച്ചത്.
കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍സംഘം വ്യാഴാഴ്ച വൈകീട്ട് ജില്ല കോടതിയിലെത്തി രോഗബാധിതരെ പരിശോധിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഭയപ്പെടേണ്ടതില്ലെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്. അതിനിടെ കണ്ണൂരിന്റെ ചുമതലയുള്ള ഹൈകോടതി ജഡ്ജി സി.ജി. അരുൺ ശനിയാഴ്ച തലശ്ശേരി ജില്ല കോടതി സന്ദർശിച്ചു.