നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ
October 22, 2023തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്. സി യിൽ സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി വന്ന ഡോക്ടർ കുഴഞ്ഞു വീണ ദൗർഭാഗ്യകരമായ സംഭവാണ്.
ഇത് കേരളത്തിൽ ആദ്യത്തേതല്ല. പരിമിതമായ മാനവവിഭവ ശേഷിയിലും വണ്ടിക്കാളകളെപ്പോലെ ജോലിയെടുക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന അമിത സമ്മർദം വഴിതെളിക്കുന്ന ഇത്തരം സംഭവങ്ങൾ യഥാർഥത്തിൽ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ അനുപാതം ഒരു ഡോക്ടർക്ക് 1000 എന്ന നിലയിലാണ്.
കേരളത്തിൽ മൊത്തത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. ആരോഗ്യ വകുപ്പിൽ കേവലം 6165 ഡോക്ടർമാരുടെ തസ്തികകളാണുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ആണ് ഉണ്ടായത്. ഏതാണ്ട് അമ്പത് ശതമാനത്തോളം ആളുകൾ സർക്കാർ മേഖലയെ ചികിത്സക്കായി ആശ്രയിക്കുന്നുണ്ട്. അതിനാൽ ഒരു ഡോക്ടർക്ക് 1000 രോഗീ അനുപാതം ഉറപ്പാക്കാൻ 17,665 ഡോക്ടർമാരുടെ സേവനം കൂടെ ആവശ്യമാണ്.
തിരക്ക് പിടിച്ച ഓ.പി ഡ്യൂട്ടിക്കിടെ രോഗ വിവരം കേൾക്കാനും പരിശോധനക്കും ചികിത്സക്കുമായി ഒരു രോഗിക്ക് വേണ്ടി ഡോക്ടർക്ക് ചിലവഴിക്കാൻ സാധിക്കുന്നത് കേവലം ഒന്നോ രണ്ടോ മിനിട്ടുകളാണ്. ഇവിടെ ഡോക്ടറുടെയും രോഗിയുടേയും അവകാശങ്ങൾ ഒരു പോലെ ലംഘിക്കപ്പെടുകയാണ്. മികച്ച സേവനം നൽകാൻ വെല്ലുവിളിയാകുന്നു എന്നതിലുപരി രോഗികളിൽ അസംതൃപ്തി ഉണ്ടാക്കുന്നതിനും ആശുപത്രിസംഘർഷങ്ങൾക്കും ഇത് കാരണമാവുകയും ചെയ്യുന്നു.
ഔട്ട് പേഷ്യന്റ് സേവനത്തിലേക്ക് മാത്രം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ബൃഹത്തായ ഉത്തരവാദിത്തങ്ങളെ ചുരുക്കിക്കൊണ്ട് 3 ഡോക്ടർമാരുടെ മാത്രം സേവനം ലഭ്യമായ സ്ഥാപനങ്ങളിൽ പോലും വൈകീട്ട് വരെ ഓ.പി സേവനം നൽകേണ്ടി വരുന്ന അവസ്ഥയും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ദയനീയമാണ്.
കേവലം രോഗീപരിചരണത്തിലുപരിയായി രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിവിധ ദേശീയ പദ്ധതികളുടെ നടത്തിപ്പും സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തവുമെല്ലാം നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയിൽ പെട്ടതാണ് എന്നതു കൂടി ഓർക്കേണ്ടതുണ്ട്.
വെള്ളൂർ പി.എച്ച്.സി യിൽ ഉണ്ടായതു പോലെ ദൗർഭാഗ്യകരവും ആരോഗ്യ കേരളത്തിന് അപമാനകരവുമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ, ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം എന്നത് കേവലം ഭൗതിക സാഹചര്യങ്ങളുടെ വികസനം മാത്രമാവാതെ വർധിച്ചു വരുന്ന രോഗീ ബാഹുല്യം കണക്കിലെടുത്ത് മനുഷ്യവിഭവ ശേഷിയിലും കാലാനുസൃതമായ പരിഷ്കരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ടി.എൻ സുരേഷും ജനറൽ സെക്രട്ടറി ഡോ. പി.കെ സുനിലും പ്രസ്താവനയിൽ അറിയിച്ചു.