നിപ സ്ഥിരീകരണം: അവലോകനയോഗം ചേർന്നു
September 13, 2023ആയഞ്ചേരി: കഴിഞ്ഞദിവസം പനിയെ തുടർന്ന് മരിച്ച മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ മരണകാരണം നിപ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരി പഞ്ചായത്തിൽ അതിജാഗ്രത പാലിക്കാൻ നിർദേശം നൽകി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന അടിയന്തര ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിലെ 13, 14, രണ്ട്, മൂന്ന് തിരുവള്ളൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാർഡ് നിവാസികൾ ജാഗ്രതപാലിക്കാനും പൊതുസമ്പർക്കം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കമുള്ളവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
തിങ്കളാഴ്ച പഞ്ചായത്തിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി നൽകി. ഈ സാഹചര്യത്തിൽ രോഗികളെ സന്ദർശിക്കാതിരിക്കാനും ഹോസ്പിറ്റലുകളിൽ നിസ്സാരകാരണത്തിന് ചികിത്സക്ക് പോവാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഴുവൻ ജനങ്ങളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.എച്ച്. മൊയ്തു, പഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫിസർ കെ. ഹൃദ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സജീവൻ, എ.എസ്. രാജീവ്, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവള്ളൂർ: നിപ സാധ്യതയും സമീപ പഞ്ചായത്തിൽ മരണം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജനപ്രതിനിധികളുടേയും ആരോഗ്യപ്രവർത്തകരുടേയും യോഗംചേർന്നു. നിലവിൽ ആശങ്കാപരമായ സാഹചര്യമില്ലെന്നും ജനങ്ങൾ പൂർണമായ ജാഗ്രതയും രോഗപ്രതിരോധ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും യോഗം അഭ്യർഥിച്ചു.
പഞ്ചായത്തിലെ വള്യാട്, ബാവുപ്പാറ, തണ്ടോട്ടി മേഖലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേർന്നു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. ഷഹനാസ്, അംഗങ്ങളായ നിഷില കോരപ്പാണ്ടി, പി. അബ്ദുറഹ്മാൻ, ജനപ്രതിനിധികളായ ഡി. പ്രജീഷ്, ഗോപിനാരായണൻ, ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, ഹംസ വായേരി പി.പി. രാജൻ, ആരോഗ്യപ്രവർത്തകരായ എച്ച്.ഐ റീത്ത, ജെ.എച്ച്.ഐ ജയപ്രകാശ്, ബിന്ദു കരുവാണ്ടി, എ.എസ്. അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
ജാഗ്രത പാലിക്കണം
വില്യാപ്പള്ളി: സമീപ പഞ്ചായത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലും സമ്പർക്കപട്ടികയിൽ വില്യാപ്പള്ളി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെട്ടതിനാലും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ജാഗ്രതപാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അറിയിച്ചു. പനിലക്ഷണമുള്ളവർ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുക, ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, സാമൂഹിക അകലം പാലിക്കുക, നിർബന്ധമായും മാസ്ക് ധരിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.