തണുത്ത വെളുപ്പാൻ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ കഴിയുന്നില്ലേ…; ശാസ്ത്രീയ കാരണം പറഞ്ഞ് ഓക്സ്ഫോർഡ് പ്രഫസർ
January 8, 2023ഈ തണുത്ത വെളുപ്പാൻ കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. അല്ലേ… എന്നാൽ, പക്ഷികളും മൃഗങ്ങളും സസ്യലതാദികളുമൊക്കെ തണുപ്പിനെ അവഗണിച്ച് അതിരാവിലെ തന്നെ എഴുന്നേൽക്കുമ്പോഴും നമുക്ക് അതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? പ്രത്യേകിച്ച് ശൈത്യകാലത്ത്..
ഓക്‌സ്‌ഫോർഡ് പ്രഫസർ ജൂലിയ ലിൻഡ്‌സെയുടേതായി ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പങ്കിട്ട ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, പുലർച്ചെ എഴുന്നേൽക്കുന്നത് വെറുക്കാൻ കാരണമാകുന്ന മനുഷ്യരുടെ ജൈവ ഘടികാരത്തെക്കുറിച്ചുള്ള (biological clock) ഉൾക്കാഴ്ച നൽകുന്നു. ശീതകാല ക്ഷീണത്തെ പ്രതിരോധിക്കുന്നതിനുള്ള പരിഹാരങ്ങളും അവർ നൽകുന്നുണ്ട്.
എല്ലാ ജീവജാലങ്ങൾക്കും ശരീര ഘടികാരം അല്ലെങ്കിൽ ‘ബോഡി ക്ലോക്കുകൾ’ എന്ന് അറിയപ്പെടുന്ന ജൈവ ഘടികാരമുണ്ടെന്ന് ലിൻഡ്സെ വെളിപ്പെടുത്തുന്നു. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ 24 മണിക്കൂർ സൈക്കിളിൽ പ്രവർത്തിപ്പിക്കുന്നത് ഈ ജൈവ ഘടികാരമാണ്. ഇതിനെ നിയന്ത്രിക്കുന്നത് നമ്മുടെ മസ്തിഷ്കവും. സൂര്യ പ്രകാശത്തിന്റെ സഹായത്തോടെയാണ് ബോഡി ക്ലോക്ക് ഈ ചക്രം നിലനിർത്തുന്നത്. ഇതാണ് നമ്മെ പകൽ സജീവമായിരിക്കാനും രാത്രി ഉറങ്ങാനും സഹായിക്കുന്നത്.
മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിച്ചുകൊണ്ടാണ് ജൈവ ഘടികാരം ഉറക്കമുണ്ടാക്കുന്നത്. “മെലറ്റോണിൻ ഉത്പാദനത്തെ ഭാഗികമായി നിയന്ത്രിക്കുന്നത് പ്രകാശമാണ്. ഇരുണ്ട വൈകുന്നേര സമയങ്ങളിൽ മനുഷ്യരിൽ വർധിച്ച അളവിൽ മെലറ്റോണിൻ ഉത്പാദിപ്പിക്കപ്പെടും. അർദ്ധരാത്രിയിൽ ഉത്പാദനം കൂടിയ അവസ്ഥയിലും എത്തുന്നു. രാവിലെ കണ്ണിലേക്ക് പ്രകാശമെത്തുമ്പോൾ മെലറ്റോണിന്റെ ഉത്പാദനം കുറയുമെന്നും അവർ വിശദീകരിച്ചു.
അതുകൊണ്ട് തന്നെ ശൈത്യകാലത്ത് അതിരാവിലെ എഴുന്നേൽക്കുന്നതിനായി നമ്മൾ വെളിച്ചം അല്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. നമ്മൾ കിടക്കുന്ന മുറി അതിനായി സജ്ജീകരിക്കണം. സൂര്യപ്രകാശം മുറിയിലേക്ക് പ്രവേശിക്കുന്നതിനായി കർട്ടനുകൾ മാറ്റുകയോ ജനലുകൾ ഭാഗികമായി തുറന്നിടുകയോ ചെയ്യാം.
മൊബൈൽ ഫോണിൽ നിന്നോ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ നിന്നോ ഉള്ള തെളിച്ചമുള്ള പ്രകാശം വൈകുന്നേരത്തെ മെലറ്റോണിൻ ഉൽപ്പാദനം വൈകിപ്പിക്കുമെന്നും ലിൻഡ്‌സെ പറയുന്നു. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ ഫോൺ ഉപയോഗം കുറക്കുകയോ, ഫോണിന്റെ സ്ക്രീൻ സെറ്റിങ്സിലെ eye protection ഓപ്ഷൻ ഓണാക്കി ഇടുകയോ ചെയ്യാം.