
ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം
February 18, 2025ബ്രെയിൻ റോട്ട്, ഡൂംസ്ക്രോളിങ്, ഡിജിറ്റൽ ഡിമെൻഷ്യ, ഇന്റർനെറ്റ് ഇൻഡ്യൂസ്ഡ് എ.ഡി.എച്ച്.ഡി, ഫാന്റം വൈബ്രേഷൻ സിൻഡ്രോം…
ടെക്നോളജി മനുഷ്യന്റെ മാനസികാരോഗ്യത്തിൻമേൽ സൃഷ്ടിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്ന പേരുകളെല്ലാം. ഇന്ത്യക്കാരിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ അതിഭയാനകമാണെന്നും നൂറിൽ മൂന്നു പേർ മാത്രമാണ് ആരോഗ്യകരമായ ഡിജിറ്റൽ-ലൈഫ് ബാലൻസ് ഉള്ളൂവെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യത്തിൽ നൂറിൽ 50 പേരുടെ അവസ്ഥ മോശമാണെന്നും തങ്ങളുടെ ഡിവൈസുകളിൽ നിന്ന് ഡിസ്കണക്ടാകാൻ ഇവർ ബുദ്ധിമുട്ടുകയാണെന്നും 1ടു1ഹെൽപ് എന്ന സംഘടന നടത്തിയ ‘സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിങ് റിപ്പോർട്ട് 2024’ എന്ന പഠനം ചൂണ്ടിക്കാണിക്കുന്നു.
മാനസികാരോഗ്യം മുഖ്യം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കൗൺസലിങ്ങുകൾ 15 ശതമാനം വർധിച്ചതായും പഠനം പറയുന്നു. 83,000 കൗൺസലിങ് സെഷനുകളും 12,000 സ്ക്രീനിങ്ങും 42,000 അസെസ്സ്മെന്റും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ആധി, വിഷാദം, തൊഴിലിട സമ്മർദം തുടങ്ങിയവകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കൗൺസലിങ് സഹായം തേടുന്നതിൽ ഭൂരിഭാഗവും. തൊഴിലിട സമ്മർദത്തിന് ചികിത്സ തേടുന്നവരാണ് ഇതിൽ 23ശതമാനം പേരും. മാനസികാരോഗ്യ സൗഹൃദമായ തൊഴിലന്തരീക്ഷം ഇക്കാലത്ത് അനിവാര്യമാണെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു.
പുരുഷൻമാർ കൂടുന്നു
വൈകാരിക പ്രശ്നങ്ങളിൽ കൂടുതലായി ചികിത്സ തേടിയിരുന്നത് വനിതകളായിരുന്നെങ്കിൽ പുരുഷൻമാരുടെ എണ്ണം ഇപ്പോൾ കൂടി വരുന്നതായും പഠനം പറയുന്നു. കൗൺസലിങ് തേടുന്നവരുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനയുണ്ടായിരിക്കുന്നു.
Brain Rot: നിലവാരം കുറഞ്ഞ/അനാവശ്യ/സമയംകൊല്ലുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ പതിവായി കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവരിൽ ഉണ്ടാകുന്ന ബൗദ്ധിക/പഠനശേഷി കുറവ്, ഒരു വിഷയത്തിൽ ശ്രദ്ധ നൽകാൻ സാധിക്കുന്ന സമയത്തിൽ വരുന്ന കുറവ് എന്നിവക്കെല്ലാം പറയുന്ന പേരാണ് ബ്രെയിൻ റോട്ട്.
Doomscrolling: നിലവാരം കുറഞ്ഞ/അനാവശ്യ/സമയംകൊല്ലുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടേ ഇരിക്കുന്ന അവസ്ഥയെ യാണ് ഡൂംസ്ക്രോളിങ് എന്ന് വിളിക്കുന്നത്. നിർത്താൻ ആഗ്രഹമുണ്ടെങ്കിലും നിർത്താൻ കഴിയാത്ത ഈ അവസ്ഥ ആധിയിലേക്കും മനോസമ്മർദത്തിലേക്കും നയിക്കും.
Digital Dementia: അറിവുകൾക്കും വിവരങ്ങൾക്കും പ്രശ്ന പരിഹാരങ്ങൾക്കുമായി ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ഉപയോഗിക്കുന്നതു മൂലം സ്വാഭാവിക കഴിവുകളായ ഓർമശക്തി, ശ്രദ്ധ, ഗ്രാഹ്യശേഷി തുടങ്ങിയവയിലുണ്ടാകുന്ന കുറവാണിത്.
Internet-Induced ADHD: കൂടെക്കൂടെയുള്ള നോട്ടിഫിക്കേഷൻ പോലുള്ള ഓൺലൈൻ അറിയിപ്പുകൾ കാരണം മറ്റൊന്നിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥ. ഒരു കാര്യത്തിൽ കൂടുതൽ നേരം ഫോക്കസ് നൽകാനാകില്ല ഇത്തരക്കാർക്ക്. വല്ലതും വന്നോ എന്നു എപ്പോഴും ഡിവൈസിൽ നോക്കിക്കൊണ്ടിരിക്കും.
Phantom Vibration Syndrome: ഫോൺ റിങ് ചെയ്യുന്നതായോ വൈബ്രേറ്റ് ചെയ്യുന്നതായോ വെറുതെ തോന്നുന്ന മാനസികാവസ്ഥ. സ്മാർട് ഫോൺ ഉപയോഗം ശീലമായതുകൊണ്ടാണിത് സംഭവിക്കുന്നത്.