
‘കുടുംബം’ കവർചിത്രമായി അർബുദത്തെ അതിജീവിച്ച കൂട്ടുകാരികൾ
January 31, 2025കോഴിക്കോട്: ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങി രോഗത്തെ അതിജീവിച്ച മൂന്നു കൂട്ടുകാരികളുടെ കവർചിത്രവുമായി 2025 ഫെബ്രുവരി ലക്കം ‘മാധ‍്യമം കുടുംബം’.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ഇവർ മൂന്നു വീട്ടിലാണെങ്കിലും ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. മൂവർക്കും ഏകദേശം ഒരേ സമയത്താണ് അർബുദം പിടിപെട്ടത്. തളർന്നിരിക്കാതെ പരസ്പരം താങ്ങായി ആത്മവിശ്വാസം പകർന്ന് രോഗത്തെ പൊരുതി തോൽപിക്കുകയായിരുന്നു.
സോണിയ ബെന്നി: മൂവർ സംഘത്തിൽ ആദ്യം സ്തനാർബുദം സ്ഥിരീകരിച്ചയാൾ. ഓട്ടോറിക്ഷ തൊഴിലാളി പാരിയപള്ളം ബെന്നി ചെറിയാനാണ് ഭർത്താവ്.
രാധിക റെജി: 2023 ആഗസ്റ്റിൽ സ്തനാർബുദം സ്ഥിരീകരിച്ചു. കൂലിപ്പണിക്കാരനായ ചിറയിൽ റെജിയാണ് ഭർത്താവ്.
മിനി ജിജോ: 2023 ഡിസംബറിൽ സ്തനാർബുദ ലക്ഷണം തുടങ്ങി. ട്രിപ്ൾ നെഗറ്റിവ് ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചു. ഫ്രൂട്സ് കട നടത്തുന്ന കുളങ്ങര വീട്ടിൽ ജിജോയാണ് ഭർത്താവ്.
ഫെബ്രുവരി നാല് ലോക അർബുദ ദിനത്തോടനുബന്ധിച്ച് അർബുദ ചികിത്സ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന പ്രമുഖ ഓങ്കോളജിസ്റ്റുകളായ ഡോ. വി.പി. ഗംഗാധരൻ, ഡോ. ഫിലിപ് ജോർജ് കുറ്റിക്കാട്ട്, ഡോ. ജെനി എലിസബത്ത് ജോർജ്, ഡോ. അരുൺ ചന്ദ്രശേഖരൻ, ഡോ. അസ്ഗർ അബ്ദുൽ റഷീദ്, ഡോ. നാരായണൻകുട്ടി വാര്യർ എന്നിവരുടെ ലേഖനങ്ങൾ പുതിയ ലക്കം ‘കുടുംബ’ത്തിലുണ്ട്.
ഇമ്യൂണോതെറപ്പി, അർബുദ ചികിത്സയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധ ധാരണകൾ, സെർവിക്കൽ കാൻസർ, റഷ‍്യ വികസിപ്പിച്ചു എന്ന് പറയപ്പെടുന്ന കാൻസർ വാക്സിൻ, അർബുദത്തിന് കാരണമായേക്കാവുന്ന സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അക്കൂട്ടത്തിലുണ്ട്. ഫെബ്രുവരി ഒന്നിന് പുതിയ ലക്കം ‘കുടുംബം’ വിപണിയിലെത്തും.