
കാലാവസ്ഥ; ടോൺസിലൈറ്റിസ് രോഗം വർധിക്കുന്നു
December 29, 2024ബംഗളൂരു: കാലാവസ്ഥമൂലം നഗരത്തിൽ പനിയും ടോൺസിലൈറ്റിസും ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിക്കുന്നു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാണ് പ്രധാനമായും രോഗങ്ങൾ പടരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രണ്ടാഴ്ചയായി കഴിഞ്ഞ വർഷത്തേക്കാൾ 15 മുതൽ 20 വരെ ശതമാനം അധിക കേസുകളാണ് ടോൺസിലൈറ്റിസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനത്തിലധികമാണിത്.
കുട്ടികളിലും പ്രായമായവരിലുമാണ് കൂടുതലായും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അലർജി, ശ്വാസംമുട്ട് (ആസ്ത്മ), ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ടോൺസിലൈറ്റിസ് പെട്ടെന്ന് പിടിപെടാനും സാധ്യതയുണ്ട്.
എന്താണ് ടോൺസിലൈറ്റിസ്?
തൊണ്ടയിൽ രണ്ട് വശങ്ങളിലായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നവയാണ് ടോൺസിലുകൾ. ഇവ രോഗാണുക്കൾക്കെതിരെ ആന്റിബോഡികളും ഉൽപാദിപ്പിക്കും. എന്നാൽ, ചില സമയങ്ങളിൽ ടോൺസിലുകൾക്ക് അണുബാധയേൽക്കാം. ഇതിനെയാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. വൈറസ് ബാധയാണ് ടോൺസിലൈറ്റിസിന് പ്രധാന കാരണം. സാധാരണ ജലദോഷമുണ്ടാക്കുന്ന വൈറസുകൾതന്നെയാണ് ടോൺസിലൈറ്റ്സുകൾ പരത്തുന്നത്.
പനിയോടൊപ്പമുള്ള കഠിനമായ തൊണ്ടവേദയാണ് പ്രധാന ലക്ഷണം. ഉമിനീർ, ഭക്ഷണം എന്നിവയൊന്നും ഇറക്കാൻ പോലും കഴിയാത്ത തരത്തിൽ വേദനയുണ്ടായേക്കാം. കുട്ടികളിൽ ഇത് വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായയിലൂടെ ശ്വാസം വലിക്കൽ, ഉറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ തൊണ്ടവേദനയും ടോൺസിലൈറ്റിസ് അല്ല. ടോൺസിലൈറ്റിസ് പ്രതിരോധിക്കാൻ പ്രാഥമികമായി ചെയ്യാവുന്നത് തിളപ്പിച്ച വെള്ളം ഇളം ചൂടോടെ കുടിക്കുക, ഇളം ചൂടിൽ ഉപ്പിട്ട വെള്ളത്തിൽ തൊണ്ട ഗാർഗിൾ ചെയ്യുക എന്നതാണ്.
മാറ്റമില്ലെങ്കിൽ നിർബന്ധമായും ചികിത്സ തേടണം. ഇല്ലെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതിനും സൈനസുകളേയും ചെവി, ശ്വാസകോശം (ന്യൂമോണിയ), കഴുത്തിലെ മറ്റു ഗ്രന്ഥികൾ എന്നിവയെയെല്ലാം ബാധിക്കും. ധാരാളം വെള്ളം കുടിക്കുക, തണുത്തതും എരിവ് കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, രാത്രി സമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറക്കുക തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.