
ആരോഗ്യ മേഖലയിൽ ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന കേരളം മരണാനന്തര അവയവദാനത്തിൽ ഏറെ പിന്നിൽ
December 6, 2024കോഴിക്കോട്: ആരോഗ്യ മേഖലയിൽ ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന കേരളം മരണാനന്തര അവയവദാനത്തിൽ ഏറെ പിന്നിൽ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 13ാം സ്ഥാനമാണ് കേരളത്തിനുള്ളത്. ആരോഗ്യ മികവിൽ കേരളത്തേക്കാൾ ഏറെ പിന്നിലുള്ള രാജസ്ഥാനാണ് ഇതിൽ ഒന്നാം സ്ഥാനത്ത്.
12 വർഷത്തിനിടെ സംസ്ഥാനത്ത് അവയവത്തിന് കാത്തിരുന്ന 1800ലേറെ പേർ മരിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ 1994ലെ മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കല്‍ നിയമത്തിന് കീഴില്‍, 2014ലെ മനുഷ്യാവയവങ്ങളും ടിഷ്യൂകളും മാറ്റിവെക്കല്‍ നിയമത്തിലെ ചട്ടം 31 പ്രകാരം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ (കെ -സോട്ടോ) ആണ് സംസ്ഥാനത്ത് അവയവദാന പ്രവര്‍ത്തനം നടത്തുന്നത്. റോഡപകടം, തലച്ചോറിലെ രക്തസ്രാവം എന്നിവ കാരണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങളാണ് പ്രധാനമായി മറ്റുള്ളവർക്കായി ഉപയോഗിക്കുന്നത്.
മരണാനന്തര അവയവ ദാനത്തിന് രജിസ്റ്റർ ചെയ്യാം
നാഷനല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയുടെ notto.abdm.gov.in/register ലിങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. രജിസ്ട്രേഷന് വിജയകരമായാല്‍ ഫോട്ടോയും രജിസ്ട്രേഷന് വിവരങ്ങളുമുള്ള ഡോണർ കാർഡ് ലഭിക്കും. ഈ കാര്‍ഡ് പ്രിന്റെടുത്തോ ഡിജിറ്റല്‍ രൂപത്തിലോ സൂക്ഷിക്കാം. രജിസ്ട്രേഷന് വിവരം അടുത്ത ബന്ധുക്കളെ അറിയിക്കണം. ഒരാളുടെ രജിസ്ട്രേഷന് വിവരങ്ങള്‍ മറ്റാർക്കും ലഭ്യമാകില്ല.