ദിവസും കട്ടൻ ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ എന്തെല്ലാം?

ദിവസും കട്ടൻ ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ എന്തെല്ലാം?

November 2, 2024 0 By KeralaHealthNews

പാലൊഴിച്ച ചായയും കട്ടൻ ചായയും ഗ്രീൻ ടീയുമെല്ലാം ശീലമാക്കിയവരാണ് പലരും. പലരും ആരോഗ്യപ്രശ്നങ്ങൾ സംശയിച്ച് ചായ ഒഴിവാക്കാറുമുണ്ട്. ഇതിൽ ഗ്രീൻ ടീയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, കട്ടൻ ചായ ശീലമാക്കിയാലും പല ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ശ്രദ്ധിക്കുക, കട്ടൻ ചായ മധുരമില്ലാതെ തയാറാക്കുന്നതാണ് ഉത്തമം.

> ആകെ ആരോഗ്യം മെച്ചപ്പെടും

ബ്ലാക്ക് ടീ ഉൾപ്പെടെ പാനീയങ്ങളിൽ കാണപ്പെടുന്ന ഒരു തരം ആന്‍റിഓക്‌സിഡന്‍റാണ് പോളിഫെനോൾ. ബ്ലാക്ക് ടീയിലെ ആന്‍റിഓക്‌സിഡന്‍റുകളുടെ പ്രധാന സ്രോതസ്സുകളാണ് കാറ്റെച്ചിൻസ്, തേഫ്‌ലാവിൻ, തേറൂബിജിൻസ് എന്നിവയുൾപ്പെടെയുള്ള പോളിഫെനോളുകളുടെ ഗ്രൂപ്പുകൾ. ഇത് നിങ്ങളുടെ ആകെയുള്ള ആരോഗ്യ നിലവാരം ഉയർത്താൻ സഹായിക്കുന്നതാണ്.

> കൊളസ്ട്രോൾ കുറയ്ക്കും

ബ്ലാക്ക് ടീയിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫ്ലേവനോയ്ഡുകൾ എന്ന മറ്റൊരു കൂട്ടം ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൽ, റെഡ് വൈൻ, ഡാർക്ക് ചോക്ലേറ്റ് എന്നിവയിലും ഈ ഫ്ലേവനോയ്ഡുകൾ ഉണ്ട്.

> വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും

ബ്ലാക്ക് ടീയിലെ പോളിഫെനോളുകൾ വയറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കും. ചീത്ത ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ചെയ്യും.

> രക്തസമ്മർദം കുറയ്ക്കും

ഹൈപ്പർടെൻഷൻ ഉള്ളവർ ബ്ലാക്ക് ടീ കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം 4.81 എം.എം എച്ച്.ജിയും ഡയസ്റ്റോളിക് രക്തസമ്മർദം 1.98 എം.എം എച്ച്.ജിയും ആയി കുറയ്ക്കാൻ സഹായിക്കുന്നതായി അടുത്തിടെ പഠനം കണ്ടെത്തിയിട്ടുണ്ട്.

> ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും

പ്രധാന ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷം ബ്ലാക്ക് ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. ഇത് പോസ്റ്റ്പ്രാൻഡിയൽ ഗ്ലൂക്കോസ് എന്നാണ് അറിയപ്പെടുന്നത്.

> റുമറ്റോയ്ഡ് ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നു

എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും റുമറ്റോയ്ഡ് ആർത്രൈറ്റിസ്, പാർക്കിൻസൺ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.