ചർമ വാർധക്യം തടയാം……..
September 22, 2024വാർധക്യം ജീവിതത്തിന്റെ അനിവാര്യഘട്ടമാണ്. അതുപോലെതന്നെ വാർധക്യസഹജമായ അസുഖങ്ങളും. അവയെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും പല കാര്യങ്ങളും നമ്മൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ‘ചർമസംരക്ഷണം’.
ശരീരത്തിലെ ഏറ്റവും വലിയ അവയവം
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ശരാശരി ഒന്നരകിലോ ഭാരമുള്ള കരളാണ്. എന്നാൽ, ചർമമാണ് ശരീരത്തിലെ ഏറ്റവും വലിയ അവയവം എന്നത് പലർക്കും അറിയില്ല. രണ്ട് ചതുരശ്ര മീറ്റർ വിസ്തീർണവും 3-4 കിലോ ഭാരമുള്ള നമ്മുടെ ചർമം വളരെ സുപ്രധാനമായ പല ധർമങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനി
സ്പർശനം, വേദന, ചൂട്, തണുപ്പ്, വേദന, മർദം ഇവയെല്ലാം നമുക്കനുഭവിക്കാൻ കഴിയുന്നതും ശരീരത്തിന് കെട്ടുറപ്പ് നൽകുകയും ശരീരത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുന്നതും ചർമമാണ്. പരിസ്ഥിതിയെ മനസ്സിലാക്കി ഉചിതമായ പരിഹാരങ്ങൾ നമ്മളറിയാതെ ചർമം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. ചൂടുള്ളപ്പോൾ വിയർപ്പിന്റെ അളവ് കൂടി ശരീരോഷ്മാവ് കുറയുന്നത് ഇതിന് ഉദാഹരണമാണ്.
പ്രതിരോധത്തിന്റെ ആദ്യ ചുവട്
ശരീരത്തിന് ഒരാവരണം സൃഷ്ടിച്ച് സൂക്ഷ്മ ജീവികളിൽനിന്ന് നമ്മെ രക്ഷിക്കുന്നത് ചർമമാണ്. കൂടാതെ ചർമത്തിന്റെ പുറംപാളിയായ ‘എപ്പിഡെർമിസ്’ അസിഡിക് സ്വഭാവമുള്ളതാണ്. കൂടുതൽ വിയർക്കുന്ന ശരീരഭാഗങ്ങളിൽ ഇത് കൂടുതൽ അസിഡിക്കായിരിക്കും. ഇത് ബാക്ടീരിയപോലുള്ള സൂക്ഷ്മ ജീവികളുടെ വളർച്ചയെ കുറക്കുന്നു. കൂടാതെ, ഈ പുറംപാളിയിലുള്ള ‘ലാൻഗർ ഹാൻസ്’ കോശങ്ങൾ രോഗകാരികളായ സൂക്ഷ്മജീവികളെ തിരിച്ചറിയുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിക്കുകയും ചെയ്യുന്നു. കൂടാതെ ചർമം ഉൽപാദിപ്പിക്കുന്ന നാച്വറൽ എണ്ണകൾ (Sebum) ചർമത്തിന് പുറത്തു ഒരു നേരിയ രക്ഷാകവചം തീർക്കുകയും സൂക്ഷ്മ ജീവികളെ തുരത്തുകയും ചെയ്യുന്നു. ‘സെബ’ത്തിൽ അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡ്സ്, ഫാറ്റി ആസിഡുകൾ, കൊളസ്ട്രോൾ എന്നിവ ചർമത്തിന് എണ്ണമയവും ഈർപ്പവും നൽകി മിനുസവും മാർദവമുള്ളതുമായി മാറ്റുന്നു.
മറ്റു ചില പ്രധാന ധർമങ്ങൾ
സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വിറ്റാമിൻ- ഡിയുടെ ഉൽപാദനം, ശരീരോഷ്മാവ് നിലനിർത്തൽ, ശരീരത്തിൽനിന്ന് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് എല്ലാ ചർമമാണ്. കൂടാതെ ത്വക്കിന്റെ പുറംപാളിയായ എപ്പിഡെർമിസ് ഏകദേശം 28 ദിവസം കൊണ്ട് പൂർണമായി പ്രത്യക്ഷപ്പെടുന്നു. ഇത് ശരീരകാന്തി നിലനിർത്തുവാൻ സഹായിക്കുന്നു. മനുഷ്യന്റെ ചർമം ട്രില്യൻ കണക്കിന് സൂക്ഷ്മ ജീവികളുടെ ആവാസകേന്ദ്രമാണ്. ഒട്ടുമുക്കാലും നിരുപദ്രവകാരികളാണ്. ചിലത് നമ്മെ ഉപദ്രവകാരികളായവയിൽനിന്ന് രക്ഷിക്കുന്നവയുമാണ്. മനസ്സിന്റെ വികാരമാറ്റങ്ങൾപോലും ചിലപ്പോൾ ചർമത്തിൽ പ്രതിഫലിക്കാം. നാണം കൊണ്ട് കവിളുകൾ തുടുക്കുന്നതും ഭയംകൊണ്ട് ശരീരം വിയർക്കുന്നതും ഇതിനുദാഹരണങ്ങളാണ്.
പ്രായവും ചർമവും
പ്രായം കൂടുന്നതിനനുസരിച്ച് ചർമത്തിന് ചില മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികവും അനിവാര്യവുമാണ്. എന്നാൽ, ചർമത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പൊതുവായ ആരോഗ്യസംരക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്.
പ്രായം കൂടുന്നതനുസരിച്ച് ചർമത്തിന്റെ ബാഹ്യപാളിയായ ‘എപ്പിഡെർമിസ്’ ചുരുങ്ങും. അതിനാൽ ചർമത്തിന്റെ സുതാര്യത വർധിക്കുകയും അത് അടിയിലെ രക്തക്കുഴലുകൾ കൂടുതൽ വ്യക്തതയോടെ കാണപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ 28 ദിവസങ്ങൾ കൊണ്ട് ചർമത്തിന്റെ പുറംപാളി പുതുക്കപ്പെടുന്നത് വേഗം കുറയുന്നതിനാൽ ചർമത്തിന്റെ തിളക്കം മങ്ങുന്നു. വിയർപ്പ്, സെബം ഇവ കുറയുന്നതിനാൽ ചർമം വരണ്ടതാകും. ചിലപ്പോൾ വിണ്ടുകീറുന്നു. കൂടാതെ ചർമത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.
ചർമത്തിലെ മധ്യപാളിയിലുള്ള കെളാജീൻ, ഇലാസ്റ്റിൻ മുതലായവയുടെ ഉൽപാദനം കുറയുന്നത് തൊലി വലിഞ്ഞ് തൂങ്ങുന്നതിനും ജരക്കും കാരണമാകുന്നു. ചർമത്തിലെ ചെറിയ രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സങ്ങൾ ചർമത്തിന് ആവശ്യമായ പോഷകങ്ങൾ എത്തിക്കുന്നത് തടയുന്നു. ചർമത്തിനടിയിലുള്ള കൊഴുപ്പ് നഷ്ടമാകുന്നത് ശരീരത്തിന്റെ ആകൃതിയിലും ഭംഗിയിലും മാറ്റങ്ങൾ വരുത്തുന്നു.
ഇവ കൂടാതെ ബാഹ്യഘടകങ്ങളായ സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി തുടങ്ങിയവ ചർമത്തെ തകരാറിലാക്കുകയും ചർമത്തിന് ഹാനികരമായ ഫ്രീ റാഡിക്കൽസിന്റെ ഉൽപാദനം കൂടുകയും ചെയ്യുന്നു.
ചർമ സംരക്ഷണം
● ചർമ സംരക്ഷണം കുട്ടിക്കാലം മുതൽ തുടങ്ങേണ്ടതാണ്. അൾട്രാ വയലറ്റ് രശ്മികളിൽനിന്ന് സംരക്ഷണം കിട്ടുവാനായ് എസ്.പി.എഫ്-30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺ സ്ക്രീൻ പതിവായി ഉപയോഗിക്കുക. വരണ്ട ചർമമാണെങ്കിൽ ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, സെറാമൈഡുകൾ തുടങ്ങിയവ അടങ്ങുന്ന, ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകൾ പതിവായി ഉപയോഗിക്കുക. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവരിൽ വിയർപ്പ് കുറുയുവാനും തൽഫലമായി ചർമം വരണ്ടുപോകുവാനും സാധ്യത കൂടുതലാണ്.
● ആരോഗ്യപരമായ ഭക്ഷണരീതികൾ ശീലിക്കുക. ധാരാളം പച്ചക്കറികൾ, ഇലക്കറികൾ, ഫലവർഗങ്ങൾ തുടങ്ങിയവ ദിവസവും മൂന്നുനേരവും കഴിക്കുക. ഇത് ചർമ സംരക്ഷണത്തിനാവശ്യമായ ആന്റി ഓകിസഡന്റുകൾ ലഭിക്കുവാൻ സഹായിക്കും.
● ഒമേഗാ-3 ഫാറ്റി ആസിഡുകൾ ധാരാളമുള്ള മത്സ്യങ്ങളും ഫ്ലാക്സ് സീഡും (ചണവിത്തുകൾ) ചർമത്തിന്റെ ഇലാസ്റ്റിക് നിലനിർത്തുവാൻ സഹായിക്കും.
● നിർജലീകരണം തടയാനായി, പ്രത്യേകിച്ചും വേനൽക്കാലത്ത്, ധാരാളം വെള്ളം കുടിക്കുക. ഒരുപാട്നേരം എ.സി റൂമുകളിൽ കഴിയുന്നവർക്കും ചർമം വരണ്ടുപോകുവാൻ സാധ്യതയുണ്ട്. മുറിക്കുള്ളിൽ ഈർപ്പം വർധിപ്പിക്കുവാൻ ‘ഹ്യൂമിഡിഫൈയർ’ ഉപയോഗിക്കുന്നത് നല്ലതാണ്. ആവശ്യത്തിനുള്ള ഉറക്കം, പുകവലി നിർത്തൽ ഇവയെല്ലാം ചർമവാർധക്യം മന്ദഗതിയിലാക്കും.
● ക്ഷാരം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുന്നത് ചർമത്തിന് ഗുണം ചെയ്യും. ക്ഷാരം കൂടിയ സോപ്പുകൾ ചർമത്തിന്റെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും തൊലി വരണ്ടുപോകുവാൻ ഇടയാക്കുകയും ചെയ്യും.