ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ
June 20, 2024ഇന്നത്തെ കാലത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ആരോഗ്യം നിലനിർത്താനുള്ള ചില ടിപ്സുകൾ പറഞ്ഞുതരികയാണ് ഹൈദരാബാദിലെ ഡോക്ടർ സുധീർ കുമാർ. ന്യൂറോളജിസ്റ്റാണിദ്ദേഹം.
1. ഇരുന്ന് ജോലി ചെയ്യുന്നവർ അരമണിക്കൂർ ഇടവിട്ട് എഴുന്നേറ്റ് കുറച്ചു നേരം നിൽക്കുകയോ നടക്കുകയോ ചെയ്യുക.
2. നിന്ന് കൊണ്ട് ജോലി ചെയ്യാവുന്ന വർക്ക് ഡെസ്കുകൾ വിപണിയിൽ ലഭ്യമാണ്. അതുപയോഗിക്കാം.
3. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ കോഫി കുടിക്കാൻ പോകുമ്പോൾ ഇരുന്ന് കഴിക്കുന്നതിന് പകരം നിൽക്കുക.
4. ഓഫിസിലെ സഹപ്രവർത്തകനോടൊ ചീഫിനോടോ സംസാരിക്കണമെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പകരം അവരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുക.
5. മീറ്റിങ്ങുകളിൽ ഒരാൾ നിന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയും മറ്റുള്ളവർ സുഖമായില ഇരുന്ന് കോഫിയും സ്നാക്സും കഴിച്ച് അയാളെ ശ്രദ്ധിക്കുകയും ചെയ്യും. അതിനു പകരം ഓഡിയൻസിനും നിൽക്കാം. കോഫിക്കൊപ്പം പകരം നൽകുന്ന സ്നാക്സ് ഒഴിവാക്കുകയും ചെയ്യാം.
6. ഓഫിസ് സമയത്തെ വിശ്രമ സമയത്ത് ഇരിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഇരുന്ന് ടി.വി കാണുന്നതും കുറയ്ക്കുക.
7. ഒരു ദിവസം സൗകര്യ പ്രദമായ ഒരു മണിക്കൂർ സമയം നടക്കാനോ സൈക്ലിങ് പോലുള്ള വ്യായാമങ്ങൾക്കോ മാറ്റി വെക്കുക.
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ ആയുസ് ചുരുങ്ങാൻ തന്നെ ഇടയാക്കും. അമിത വണ്ണമാണ് ഇതുകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം. പ്രമേഹം, അടിവയറ്റിൽ കൊഴുപ്പടിയുക, ചീത്ത കൊളസ്ട്രോളുകൾ വർധിക്കുക, ഹൃദയാഘാതം, സ്ട്രോക്ക്, അർബുദം, അകാല മരണം എന്നിവയെല്ലാം ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്ന അപകടങ്ങളാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഇരുന്ന് ജോലി ചെയ്യുമ്പോൾ പലപ്പോഴും എഴുന്നേൽക്കാൻ ആളുകൾക്ക് മടിയായിരിക്കും. ഇങ്ങനെ കുറെ നേരം ഇരിക്കുന്നത് മൂലം ടൈപ് 2 ഡയബറ്റിക്സ്, അമിത രക്തസമ്മർദം, ചില തരം അർബുദം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.