വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

October 25, 2023 0 By KeralaHealthNews

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ.സി.എം.ആർ അറിയിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

വയനാട് സെപ്റ്റംബറില്‍ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. വയനാട് വണ്‍ ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

2022ല്‍ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. പരിശീലനവും അവബോധവുമാണ് പ്രധാനം. എന്‍സഫലൈറ്റിസ്, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവര്‍ക്ക് നിപയല്ലെന്ന് ഉറപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് പോലെ തന്നെ വയനാടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി തന്നെ കൊണ്ടുപോകും.

രാജ്യത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും നിപ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു. 42 ദിവസത്തെ ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവർത്തനങ്ങൾ നിപ നിയന്ത്രണത്തിന് സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.