26 ആഴ്ചയായ ഗർഭം ഒഴിവാക്കുന്നതിൽ എയിംസിന്റെ വിദഗ്ധോപദേശം തേടി
October 14, 2023ന്യൂഡൽഹി: 26 ആഴ്ചയായ തന്റെ മൂന്നാമത്തെ ഗർഭം ഒഴിവാക്കാൻ അനുമതി തേടി രണ്ട് കുഞ്ഞുങ്ങളുടെ മാതാവ് നൽകിയ അപേക്ഷയിൽ സുപ്രീംകോടതി ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ന്റെ വിദഗ്ധോപദേശം തേടി. യുവതി സമർപ്പിച്ച ഡോക്ടറുടെ കുറിപ്പിൽ സംശയം പ്രകടിപ്പിച്ച സുപ്രീംകോടതി വിഷാദരോഗത്തിന് യുവതി കഴിക്കുന്ന മരുന്ന് ഗർഭസ്ഥ ശിശുവിനെ ബാധിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാനും എയിംസ് മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടു.
യുവതി ഹാജരാക്കിയ കുറിപ്പിൽ യുവതിയുടെ രോഗാവസ്ഥയെ കുറിച്ച് ഒരു പരാമർശവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇതിന്റെ ആധികാരികതയിൽ സംശയമുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സുപ്രീംകോടതിക്ക് വിശ്വസിക്കാവുന്നതാണോ ഇതെന്നും ചോദിച്ചു.
ഡോക്ടറുടെ രീതിക്ക് രോഗി അനുഭവിക്കേണ്ടതില്ല എന്ന് യുവതിക്ക് വേണ്ടി ഹാജരായ അഡ്വ. അമിത് മിശ്ര ഇതിന് മറുപടി നൽകി. കുറിപ്പിലെ മരുന്ന് യുവതി കഴിച്ചിട്ടുണ്ടോ എന്ന് എയിംസിലെ ഡോക്ടർമാർക്ക് പറയാനാവുമെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.
യുവതിയുടെ ഒന്നും രണ്ടും പ്രസവങ്ങൾ സീസേറിയനായിരുന്നുവെന്ന് അമിത് മിശ്ര ബോധിപ്പിച്ചു. രണ്ടാം പ്രസവത്തിന്റെ പത്താം ദിവസം തൊട്ട് മാനസിക പ്രശ്നമുണ്ടായി. മനശ്ശാസ്ത്ര വിദഗ്ധന്റെ ചികിത്സയിലാണ്. ഉറക്കമില്ലായ്മയുണ്ട്. ആത്മഹത്യക്കും കുഞ്ഞിനെ അപായപ്പെടുത്താനുമുള്ള ശ്രമങ്ങളും യുവതിയുടെ ഭാഗത്തുനിന്നുണ്ടായി.
അതിനാൽ രണ്ട് കുഞ്ഞുങ്ങളിപ്പോൾ യുവതിയുടെ മാതാവിന്റെ സംരക്ഷണത്തിലാണ്. ഒരു വർഷമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഗർഭത്തിന് നന്നല്ല. കഴിഞ്ഞ മാസം 28നാണ് താൻ മൂന്നാമതും ഗർഭിണിയാണെന്ന് അവർ അറിഞ്ഞതെന്നും അഞ്ച് ദിവസത്തിനകം അവർ സുപ്രീംകോടതിയിൽ വന്നുവെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
എന്നാൽ എയിംസിലെ മെഡിക്കൽ ബോർഡിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഹരജി തീർപ്പാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗർഭത്തിലുള്ള ഭ്രൂണത്തിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടോ? മാനസിക പ്രശ്നത്തിന് ഡോക്ടർ നിർദേശിച്ച മരുന്ന് കഴിച്ചതുകൊണ്ട് പൂർണ ഗർഭിണിയാകുന്നത് അപകടമുണ്ടാക്കുമോ? രണ്ട് കാര്യങ്ങളിലാണ് കോടതി അഭിപ്രായം തേടിയത്.
സുപ്രീംകോടതി വനിതാ ജഡ്ജിമാർക്കിടയിലെ ഭിന്നത മൂലമാണ് ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ പുരുഷ ബെഞ്ചിലെത്തിയത്. എയിംസിന്റെ റിപ്പോർട്ട് പ്രകാരം ഗർഭം അലസിപ്പിക്കാവുന്ന ഘട്ടത്തിലല്ലെന്ന് ജസ്റ്റിസ് ഹിമ കൊഹ്ലി വ്യക്തമാക്കിയപ്പോൾ സ്ത്രീയുടെ അഭീഷ്ടമാണ് മുഖ്യമെന്നും യുവതിക്ക് വിഷാദ രോഗം ഉണ്ടായതിനാൽ ആഗ്രഹിക്കാത്ത ഗർഭം അലസിപ്പിക്കാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിലപാട് എടുത്തു. എന്നാൽ സ്ത്രീയുടെ സ്വയം നിർണയാവകാശം പ്രധാനമാണ് എന്നതിനൊപ്പം ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾ തള്ളാനാവില്ലെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ നിലപാട്.
ഗർഭസ്ഥ ശിശുവിന് മാതാവിൽ നിന്ന് വേറിട്ട ഒരു അസ്തിത്വമില്ല –ജ. നാഗരത്ന
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന് മാതാവിൽനിന്നും വേറിട്ട ഒരു അസ്തിത്വമില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഒരു സ്ത്രീയെ ഗർഭം ചുമക്കാൻ നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന തന്റെ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. ഗർഭം ഒഴിവാക്കാൻ അനുവദിക്കാതിരുന്ന ജസ്റ്റിസ് ഹിമ കൊഹ്ലിയോട് വിയോജിച്ചായിരുന്നു ഈ ഭിന്ന വിധി.
കുടുംബാസൂത്രണത്തിലെ പരാജയം കൊണ്ടായാലും ലൈംഗികാതിക്രമം കൊണ്ടായാലും ഒരു സ്ത്രീ ആഗ്രഹിക്കാത്ത ഗർഭം ഒഴിവാക്കാൻ അവർക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു. ഈ കേസിൽ ഗർഭിണിക്ക് അവരുടെ ഗർഭം തുടരാൻ താൽപര്യമില്ല. അത്തരമൊരു സാഹചര്യത്തിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം പരിഗണിക്കേണ്ട കാര്യമില്ല. ആ കുഞ്ഞിന് ജന്മം നൽകാൻ ഗർഭിണി ആഗ്രഹിക്കുന്നുണ്ടോ ഇല്ലേ എന്നതിലായിരിക്കണം ശ്രദ്ധയെന്നും അവർ കൂട്ടിച്ചേർത്തു.